Showing posts with label mosquito. Show all posts
Showing posts with label mosquito. Show all posts

ആത്മഹത്യാ സ്‌ക്വാഡ്


കണ്‍പീലികള്‍ക്കുമുകളില്‍ ഉറക്കം പതുങ്ങിയിരുന്നു. മുന്നിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കോഡുകള്‍ മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ദുരൂഹത നിറഞ്ഞ ജിജ്ഞാസയും മയക്കവുംകൂടിയേറ്റുമുട്ടി മയക്കം വിജയിച്ച നേരത്താണ് കൊതുക് മൂളിക്കൊണ്ട് അദ്ദേഹത്തിന്റെ ചെവിക്കുചുറ്റും പറന്നുകളിച്ചത്. മയക്കത്തില്‍നിന്ന് പെട്ടെന്നുണര്‍ന്ന് മെമ്മറി യൂണിറ്റിന്റെ ബട്ടണ്‍ അമര്‍ത്തി.

കൊതുകിനെ കൈവെള്ളിയിലിരുത്തി ആശയവിനിമയം നടത്താന്‍ അദ്ദേഹം മുതിര്‍ന്നു. കൈവെള്ളയിലെ തഴമ്പുപിടിച്ച തൊലിപ്പുറത്തിരുന്ന് രക്തം ഊറ്റാന്‍ അവന്‍ ഏറെ ശ്രമിച്ചിട്ടുണ്ട്. അത് പറ്റില്ലെന്നുകണ്ടപ്പോള്‍ വിരല്‍പ്പുറത്തിരിക്കാന്‍ പല അടവുകളും പയറ്റി. കൈപ്പത്തിക്കടിയില്‍ ചതഞ്ഞരയേണ്ട ഗതികേട് ഉണ്ടാകാതിരിക്കാനാകാം ഇപ്പോള്‍ കൈവെള്ളയിലിരിക്കുന്നത്.

ഉറക്കം അപ്പോഴെക്കും തെറിച്ചുപോയിരുന്നു. കൊതുക് അതിന്റെ ലളിതമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹം ഉടനെ അത് കംപ്യൂട്ടറലേയ്ക്ക് പകര്‍ത്തിക്കൊണ്ടിരുന്നു.

മുതുമുത്തച്ഛന്മാരായി പകര്‍ന്നുവന്ന രഹസ്യങ്ങള്‍ കൊതുക് പറയാന്‍തുടങ്ങി. ലോകത്ത് ഈ രഹസ്യം അറിയാവുന്ന ഒരേയൊരു ജീവി എന്ന നിലക്ക് അല്‍പം ഹുങ്കോടുകൂടിയാണ് കൊതുക് ഇതെല്ലാം പറഞ്ഞത്. ഈ വിവരങ്ങള്‍ അറിയാമായിരുന്ന ഇരുപത്തെണ്ണായിരത്തിലധികം സഹോദരങ്ങള്‍ ഇവനുണ്ടായിരുന്നത്രേ!

1913-ന്റെ മധ്യത്തിലേയ്ക്ക് നാം അവിചാരിതമായി തിരിയുകയാണ്. കല്‍ക്കരി ചവച്ചുകൊണ്ടിരുന്ന ഒരു ഓസ്ട്രിയന്‍ തീവണ്ടിയിലെ നാലാമത്തെ ബോഗിക്കകത്ത് ഹിറ്റ്‌ലറും ഇംഗ്ലണ്ടുകാരനും മാത്രം. തീവണ്ടി ജര്‍മനിയിലേയ്ക്കായിരുന്നു. ഇംഗ്ലണ്ടുകാരന്‍ ചിന്തയിലാണ്ടിരിക്കുകയാണ്. അയാള്‍ ജനലിലൂടെ വിദൂരതയിലേയ്ക്ക് എപ്പോഴും നോക്കുന്നു. ഇടക്കുമാത്രം, ദ്രവിച്ചുതുടങ്ങിയ മരത്തട്ടിലേയ്ക്കും, തുരുമ്പിച്ചുതുടങ്ങിയ ജനല്‍ കമ്പികളിയേക്കും അയാള്‍ നോക്കിക്കൊണ്ടിരുന്നു. ഹിറ്റ്‌ലറോട് അയാള്‍ ഒന്നും സംസാരിച്ചില്ല.

ഇങ്ങനെയൊരു സഹയാത്രികനെകിട്ടിയതില്‍ ദു:ഖിതനായിരിക്കുകയാണ് അയാള്‍. ഇംഗ്ലണ്ടുകാരനോട് അയാള്‍ ഇടക്കിടെ സംസാരിക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം ചോദ്യത്തിനുമാത്രം ഉത്തരം പറഞ്ഞ് അയാളില്‍നിന്ന് മുഖം തിരിച്ചിരിക്കുക പതിവാക്കി.

'എത്രയധികം മൂട്ടകളാണ് ഈ തീവണ്ടിക്കകത്ത് ... അല്ലേ?' ഹിറ്റ്‌ലര്‍ ചോദിച്ചു. ഇംഗ്ലണ്ടുകാരന്‍ ഹിറ്റ്‌ലറെ ഒന്നു നോക്കുകമാത്രം ചെയ്തു. അരിശം മൂത്ത ഹിറ്റലര്‍ ഇംഗ്ലണ്ടുകാരനെ
ചീത്തവിളിച്ച് കക്കൂസിലേയ്ക്കുപോയി.

കൈവെള്ളയില്‍നിന്ന് കൊതുക് പറന്നുയര്‍ന്നു.
ഇന്ദ്രജാലക്കാരനെപ്പോലെ അത് വായുവില്‍ പറന്നുകളിച്ചു. അദ്ദേഹത്തിന്റെ ക്ഷമ നശിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ മുഴുവനാക്കാതെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൊതുക് പൈങ്കിളി നോവല്‍ വായനക്കാരനായകാം അതിനാലാണ് ഈ സ്വഭാവം-എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.

മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന് കൊതുക് പറഞ്ഞത് അദ്ദേഹം ഓര്‍ത്തു. ഹിറ്റലര്‍ കക്കൂസിലേയ്ക്കുപോകാനും അവിടെ മണിക്കൂറുകളോളം ചെലവഴിക്കാനും കാരണം ടിക്കറ്റെടുത്തിട്ടില്ല എന്നതായിരുന്നു എന്നവാദത്തിനെതിരെ കൊതുക് ആഞ്ഞടിച്ചു. ചിലര്‍ തെറ്റായ ധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ശ്രമിച്ചതിന്റെ ആദ്യപടിയാണിതെന്ന് കൊതുക് ആരോപിച്ചു. മൗനിയായ ഒരുവന്റെ മുന്നില്‍ ഇരിക്കുന്നതില്‍ഭേദം കക്കൂസില്‍ ഇരിക്കുന്നതാണെന്ന് ഹിറ്റ്‌ലര്‍ മനസിലാക്കിയിരിക്കണം. കൊതുക് ഇന്ദ്രജാലക്കളി നിര്‍ത്തി കയ്യിലിരുന്നു.

കക്കൂസില്‍ ഒരു മൂലയില്‍ മൂന്നാഴ്ചയായി വിശ്രമിച്ചുകൊണ്ടിരുന്ന ഒരു ബക്കറ്റില്‍ അവന്റെ മുത്തച്ഛന്മാര്‍ മുട്ടയിട്ടുപെരുകി. ഹിറ്റ്‌ലറുടെ സമീപ്യം അവര്‍ വളരെ ഇഷ്ടപ്പെട്ടു. അയാളെ അവര്‍ ആവോളം ആസ്വദിച്ചു. ഇംഗ്ലണ്ടുകാരനോടുള്ള ദേഷ്യംമൂലം അയാളുടെ ഞെരമ്പുകളിലൂടെ രക്തം ചൂടുപിടിച്ചൊഴുകുമ്പോഴാണ് കൊതുകുകള്‍ രക്തം വാറ്റിയെടുത്തത്. കൊതുക് നിശബ്ദമായി.

അതിന്റെ ഉദ്ദേശമെന്തെന്നറിയാതെ അദ്ദേഹം വിവരങ്ങള്‍ക്കായി കാത്തിരുന്നു. അവന്‍ പറന്നുവന്ന് കംപ്യൂട്ടര്‍ സ്‌ക്രീനിലുള്ള കൊതുകിന്റെ ചിഹ്നത്തില്‍ ചുംബിച്ചു. ഏറെനേരം അങ്ങനെ ഇരിക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹം ചിഹ്നം സ്‌ക്രീനില്‍നിന്ന് മായ്ച്ചുകളഞ്ഞു. എന്നിട്ടും അവന്‍ അനങ്ങിയില്ല. ഉടനെ അദ്ദേഹം അവന്റെ കാലില്‍പിടിച്ച് പൊക്കിയെടുത്തു. വികൃതിക്കുട്ടിന്മാര്‍ മുദ്രകള്‍ ചുമരില്‍ പതിപ്പിക്കുന്നതുപോലെ കൊതുക് കറുത്ത ബിന്ദു സ്‌ക്രീനില്‍ അവശേഷിപ്പിച്ചിട്ട് പോന്നു.

അതിന്റെ മുഖമാകെ വാടിയ പൂപോലെയായിരുന്നു. അദ്ദേഹത്തിനോടുള്ള പിണക്കം അതില്‍നിന്ന് വ്യക്തമായിരുന്നു. വിഷാദമനോഭാവത്തോടെയാണെങ്കിലും അത് ചുണ്ടുകള്‍ അനക്കിതുടങ്ങി.

ഹ്യൂസ്റ്റണ്‍ സ്റ്റിയൂവര്‍ട് ചെംബര്‍ ലെയ്‌നിന്റെയോ, കോംത് ഡി. ഗോബിനോടുടെയോ, റുഡോള്‍ഫ് ക്യെല്‍സന്റെയോ പുസ്തകങ്ങളില്‍നിന്ന് ഹിറ്റലറുടെ കണ്ണുകള്‍ സ്പര്‍ശിച്ച് ഒപ്പിയെടുത്ത ആശയാദര്‍ശങ്ങള്‍ പല സമ്മേളനങ്ങളിലും അണികളെ ചൊടിപ്പിക്കുന്നതിനായി അയാള്‍ വിളമ്പി.

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് ഗ്യാസ് ചേംബറിലേയ്ക്കയക്കപ്പെട്ട സുന്ദരിയായ പെണ്‍കുട്ടിയുടെ അത്യപൂര്‍വ രക്ഷപ്പെടല്‍. അവള്‍ കെയ്‌സ് നദീതീരത്ത് നഗ്നയായിക്കിടന്ന് വികലമായി കൂട്ടിയോജിപ്പിച്ച ആശയങ്ങളെക്കുറിച്ചോര്‍ത്ത് വിലപിച്ചു. അവളുടെ വിലാപം തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്ന ചരിത്രരേഖകളില്‍ തിളങ്ങിനിന്നു. ഏകയാണെന്ന ബോധം അവളെ തെല്ലും അലട്ടിയില്ല. ഈശ്വരന്‍ അരികിലൂടെ സുഹൃത്തിനെപ്പോലെ ചലിക്കുന്നുണ്ടെന്നുതോന്നി.

ബര്‍ലിനില്‍വെച്ചുണ്ടായ സമ്മേളനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് അവന്‍ വിവരങ്ങള്‍ എറിഞ്ഞുകൊടുത്തു. സമ്മേളനവേദിയില്‍ തിളങ്ങിനിന്ന സദ്ദാമിന്റെ ചുണ്ടുകള്‍ ഭയന്നുനില്‍ക്കുന്ന നിരപരാധിയുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ചലിച്ചു. അണികളുടെ ഹര്‍ഷാരവങ്ങള്‍ക്കൊപ്പം പറന്നുകളിച്ചിരുന്ന ഒരു കൂട്ടം കൊതുകുകള്‍ കയ്യടിതുടങ്ങിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ നിശ്ചലമായിരുന്ന വേദിയിലേയ്ക്കുകുതിച്ചു. പാരമ്പര്യമായി ലഭിച്ച ഹിറ്റ്‌ലറുടെ രക്തത്തിന്റെ ചുവ അവയുടെ ഞെരമ്പുകളില്‍ തിളച്ചു.

സദ്ദാം പ്രസംഗമവസാനിപ്പിച്ച് കസേരയിലിരുന്നപ്പോഴാണ് ഒരു കൊതുക് അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ വിശ്രമത്തിനിരുന്നത്. കൊതുകിന്റെ അഹങ്കാരം സദ്ദാംകണ്ടു. അയാള്‍ അതിനെ വിരല്‍കൊണ്ട് ഞെരുക്കിക്കൊന്നു. കൊതുകിന്റെ രക്തം അയാളുടെ രക്തത്തിലൂടെ ചലനത്തിനൊരുങ്ങി. അയാള്‍ കൈ ശക്തിയായി കുടഞ്ഞു. കാണികള്‍ മുദ്രാവാക്യങ്ങള്‍കൊണ്ട് ആശംസകള്‍ എറിഞ്ഞുകൊടത്തു.

ചരിത്രമറിയാവുന്ന അദ്ദേഹത്തിന്റ സുഹൃത്തായ കൊതുകിന് കുറെ തെറ്റുകള്‍ പറ്റി. ഹിറ്റ്‌ലറുടെയും സദ്ദാമിന്റെയും ഇടയിലെ കാലത്തിന്റെ പഴുത് അവിശ്വാസ്യത സൃഷ്ടിക്കപ്പെടുന്ന ദുരൂഹതയിലേയ്ക്ക് ഒഴുകിനീങ്ങുന്നുണ്ടെങ്കിലും; അത് സൂക്ഷ്മ പഠനത്തിലൂടെ എത്തിപ്പിടിക്കാമെന്ന വിശ്വാസത്തില്‍ അവസാനം എത്തിച്ചേര്‍ന്നു. സദ്ദാമിന്റെ കൂടെയുണ്ടായിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതാണ് കൊതുകിന് പറ്റിയ, തിരുത്താനാകാത്ത തെറ്റ്. അയാളെയും ഒരു കൊതുക് ആക്രമിച്ചിരുന്നു. കാത്തിരിക്കുക വരും കാലങ്ങളില്‍ ലോകം അയാളെയും കാണും. ഒരോരുത്തരും അതിന് സാക്ഷിയാകും-കൊതുക് അവസാനമായി പറഞ്ഞു.

കൊതുകിന്റെ അടുത്ത ഉദ്ദേശമെന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. അല്‍പനേരം അത് അയാളുടെ കൈവെള്ളയിലിരുന്ന് എന്തോ ആലോചിച്ചുറച്ചതുപോലെ പറന്നുയര്‍ന്ന് വിലാപകാവ്യത്തോടെ അയാളുടെ ചെവിക്കുള്ളിലേയ്ക്ക് പാഞ്ഞുകയറി ആത്മഹത്യ ചെയ്തു.

സാഹിത്യലോകം 2002 മാര്‍ച്ച്-ഏപ്രില്‍