Media

'ഉത്തരവാദിത്വമില്ലായ്മ' യും മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്..

ഡോ. ആന്റണി സി. ഡേവിസ്

ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്വങ്ങള്‍ മാത്രമല്ല മാധ്യമങ്ങള്‍ക്കുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ യൊച്ചായ് ബെന്‍ക്ലര്‍. സ്വന്തം ഭരണകൂടം ലോക ജനതയോട് അനീതി കാണിച്ചാല്‍ അതിനെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ വിട്ടുപോലും ചോദ്യം ചെയ്യാനാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുള്ളൂവെന്ന് ബെന്‍ക്ലര്‍ നിരീക്ഷിക്കുന്നു...പ്രസ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കുക....


അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്‌വെല്‍റ്റ് 1906 ഏപ്രില്‍ 14ന് നടത്തിയ പ്രസംഗം, സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പൊരുതാന്‍ ശക്തിയുള്ള മാധ്യമത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പൊതുമേഖലകളിലെ ദുഷ്ടശക്തികള്‍ക്കെതിരെ യാഥാര്‍ത്ഥ്യം വിളിച്ചുകൂവാന്‍ കരുത്തുള്ള വ്യക്തികളുടെ ആവശ്യവും അവര്‍ മുന്നില്‍കണ്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആദ്യരൂപമായിരുന്നു റൂസ്‌വെല്‍റ്റ് മുന്നോട്ടുവെച്ച മക്ക്‌റേക്കിങ് ജേണലിസം. ദുഷ്ടശക്തികള്‍ക്കുമേല്‍ പതിക്കേണ്ടത് ദയയില്ലാത്ത പ്രഹരമാണെന്ന അവരുടെ നിരീക്ഷണം നവമാധ്യമ പരിസ്ഥിതിയില്‍ എത്രത്തോളം പ്രായോഗികമാണെന്ന് വിലയിരുത്തേണ്ടകാലം കൈവിട്ടുപോയിരിക്കുന്നു. ഹാര്‍വാഡ് നിയമപണ്ഡിതനും പ്രൊഫസറുമായ യൊച്ചായ് ബെന്‍ക്ലര്‍ മുന്നോട്ടുവെയ്ക്കുന്ന വാദങ്ങള്‍ക്ക് സമകാലിക മാധ്യമപരിസ്ഥിതിയില്‍ പ്രസക്തിയേറുന്നത് അതുകൊണ്ടാണ്.

പല ഇടങ്ങളിലായി ചിതറിക്കിടക്കുന്നവരെ ബന്ധിപ്പിച്ച് അവരുടെ ചിന്താമണ്ഡലങ്ങളെ ഏകോപിപ്പിക്കാന്‍ വഴിതുറന്ന ഇന്റര്‍നെറ്റിന്റെയും അത് പ്രദാനം ചെയ്യുന്ന നവമാധ്യമങ്ങളുടെയും, സാധ്യതകളും പരിമിതികളുമാണ് പുതിയ കാലത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ 'വില' നിശ്ചയിക്കുന്നത്. എന്തും വിളിച്ചു പറയുന്നതിനും അവ പൊതുജനശ്രദ്ധയിലെത്തിക്കുന്നതിനും വ്യക്തികള്‍ക്ക് പുതുവഴികള്‍ തുറന്നുകൊണ്ടാണ് നവമാധ്യമങ്ങള്‍ ശ്രദ്ധേയമായത്. അഭിപ്രായസ്വാതന്ത്ര്യവും അതോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും സമതുലിതമാക്കുന്ന പൊതുമാധ്യമചട്ടക്കൂട് അവഗണിക്കാതെത്തന്നെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പാടെ അവഗണിച്ചെത്തിയ നവമാധ്യമസ്വരൂപങ്ങള്‍ ഭരണകൂടങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വെട്ടിലാക്കി.

സ്വാഭാവികമായും അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമം തുടങ്ങി. പരമ്പരാഗത മാധ്യമങ്ങളില്‍നിന്ന് വ്യത്യ സ്തമായ ആക്രമണരീതികളുമായി രംഗത്തുവന്ന നെറ്റ്‌വര്‍ക്ക് ഫോര്‍ത്ത്എസ്‌റ്റേറ്റുകളെ ദുര്‍ബലമാക്കി കുഴിച്ചുമൂടുന്നതിനുള്ള തന്ത്രങ്ങളാണ് ഭരണകൂടങ്ങള്‍ ആവിഷ്‌കരിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. വിവാദ വെളിപ്പെടുത്തലുകളുമായെത്തുന്ന നവമാധ്യമരൂപങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാങ്കേതിക കുരുക്കുകളണിയിച്ച് സമ്മര്‍ദ്ദത്തിലാഴ്ത്തി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം. ഇന്റര്‍നെറ്റ് വിലാസം പ്രദാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളെയും പണമിടപാടുകള്‍ക്ക് മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന സംരംഭകരെയും ഇവര്‍ക്കെതിരെ ഒരു കുടക്കീഴില്‍ അവര്‍ കുടിയിരുത്തി.

സ്വന്തം ഭരണഘടനയുടെ ഒന്നാം ഭേദഗതിതന്നെ പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ളതാണെന്ന് അഭിമാനിക്കുന്ന യു.എസ്. സര്‍ക്കാരാണ് കുറ്റകൃത്യങ്ങളുടെ നീണ്ടപട്ടിക ചമച്ചെടുത്ത് നവമാധ്യമശൃംഖലകളെ കുരുക്കണിയിക്കാന്‍ ശ്രമിച്ചത്. വിയറ്റ്‌നാമിലെ അമേരിക്കയുടെ അനീതികള്‍ തുറന്നുകാണിച്ച 'പെന്റഗണ്‍ പേപ്പേഴ്‌സ്' (1971) ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ യു.എസ്. സൈനികന്‍ ഡാനിയല്‍ എല്‍സ്ബര്‍ഗിനെ വീരനായകനായി വാഴ്ത്തിയ അമേരിക്കന്‍ ജനത ഈ വൈരുദ്ധ്യവും കണ്ടു. വാട്ടര്‍ഗേറ്റ് അപവാദത്തെക്കുറിച്ച് 'ഡീപ് ത്രോട്ട്' എന്ന വ്യാജനാമത്തില്‍ വിവരങ്ങള്‍ കൈമാറിയ എഫ്.ബി.ഐ.യിലെ മാര്‍ക്ക് ഫെല്‍റ്റും അവരുടെ ധീരനായകരില്‍ ഒരാള്‍തന്നെ. എന്നിട്ടും, വിക്കിലീക്‌സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന യു.എസ്. സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിനെ എങ്ങനെയാണ് അവര്‍ നേരിട്ടത്?

ഇറാഖിലെ തെരുവില്‍ നടന്ന പച്ചയായ കൂട്ടക്കൊലയെ സാധാരണ സൈനിക നടപടിയായി ചിത്രീകരിക്കുന്ന വീഡിയോ ലോകമെങ്ങും കണ്ടത് ബ്രാഡ്‌ലി മാനിങ് എന്ന 22 കാരന്‍ മുഖേനയാണ്. ഗ്വാണ്ടനാമോയില്‍ നൂറുകണക്കിന് തടവുകാരെ നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ലോക മനസാക്ഷിയെ ഞെട്ടിച്ചു. ചാരവൃത്തി ഉള്‍പ്പടെ, മോഷണം, കമ്പ്യൂട്ടര്‍ ദുര്‍വിനിയോഗം തുടങ്ങി 22 കുറ്റകൃത്യങ്ങള്‍ ചുമത്തി മാനിങ്ങിനെ അവര്‍ 35 വര്‍ഷത്തെ ശിക്ഷ നല്‍കി ജയിലിലടച്ചു.

ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പരിധിയില്‍ വരാത്ത ഒരു നീക്കം മാത്രമായി ചിത്രീകരിച്ചാണ് ഇവിടെ ഭരണകൂടം പത്രസ്വാതന്ത്ര്യമെന്ന ഭരണഘടനാ പരിരക്ഷ മറികടക്കാന്‍ ശ്രമിച്ചത്. ഹാര്‍വാര്‍ഡിലെ നിയമവിഭാഗം പ്രൊഫസറായ യൊച്ചായ് ബെന്‍ക്ലറാണ് മാനിങ്ങിനു വേണ്ടി വാദങ്ങള്‍ നിരത്താന്‍ കോടതിയിലെത്തിയത്. അദ്ദേഹം വിശദമായി പഠിച്ച് കോടതിയില്‍ സാക്ഷിയായി അവതരിപ്പിച്ച നിരീക്ഷണങ്ങള്‍ വിക്കിലീക്‌സിനെ ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പരിധിയില്‍വരുന്ന സ്ഥാപനമാണെന്ന് സ്ഥാപിച്ചു. രഹസ്യം ചോര്‍ത്തി നല്‍കുന്നവര്‍ക്ക് ഒരു വേദിയൊരുക്കി, അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തി സാമ്പ്രദായിക മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് എപ്രകാരമാണ് രാജ്യദ്രോഹമാകുന്നത്? ഭരണാധികാരികളുടെ കൊടുംക്രൂരത പൊതുജനമധ്യത്തിലെത്തിക്കുന്നത് ജനാധിപത്യരാജ്യത്ത് 'ശത്രുസ്‌നേഹ'ത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്? -യൊച്ചായ് ചോദിക്കുന്നു. രഹസ്യ അജണ്ടകളുടെ കൂമ്പാരത്തിന് മുകളിലിരുന്ന് ഭരണം നടത്തുന്ന ഒരു ഭരണകൂടത്തിന് ജൂലിയന്‍ അസാഞ്ജിനെപോലെയുള്ളവര്‍ എന്നും ഭീഷണിയാണ്.

അപ്പാഷെ സൈനിക ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍നിന്ന്, 2007-ലെ ഇറാഖ് യുദ്ധത്തിനിടെ ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ടതാണ് വിക്കിലീക്‌സിനെ ഭരണകൂടങ്ങളുടെ പേടിസ്വപ്‌നമാക്കിയത്. 38 മിനുട്ടുള്ള വീഡിയോ ചിത്രത്തിന് അസാഞ്ജ് നല്‍കിയ രഹസ്യപ്പേര് 'പ്രൊജക്ട് ബി' എന്നായിരുന്നു. രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരായ 18 പേരെയും ബാഗ്ദാദിലെ തെരുവില്‍ കൊലപ്പെടുത്തുന്നതായിരുന്നു വീഡിയോ. വിക്കിലീക്‌സിനെ ഏറെ ശ്രദ്ധാകേന്ദ്രമാക്കിയ വന്‍വിവാദം ലോകത്തെയും യു.എസ്. ഭരണകൂടത്തെയും ഞെട്ടിച്ചു. അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ 90,000 കേബിളുകളും(2009), ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ടുള്ള നാല് ലക്ഷം രേഖകളും വിവാദങ്ങളായ ചില പുറത്തുവിടലുകള്‍ മാത്രം.

ന്യൂയോര്‍ക്ക് ടൈംസ്, ദി ഗാര്‍ഡിയന്‍, ഡെ സ്പീഗല്‍, ലെ മോണ്ടെ, എല്‍ പെയ്‌സ് എന്നീ അച്ചടിമാധ്യമങ്ങളുമായി ചേര്‍ന്ന് 2009 അവസാനത്തില്‍ത്തന്നെ അമേരിക്കന്‍ എംബസികളില്‍നിന്നുള്ള 1900 ഓളം കേബിളുകള്‍ വിക്കിലീക്‌സിന് പുറത്തുവിടാനായി. മറ്റ് വിദേശ മാധ്യമങ്ങള്‍ക്കും ഇതൊടൊപ്പം അവര്‍ രഹസ്യരേഖകള്‍ കൈമാറി. കുമിഞ്ഞുകൂടിക്കിടക്കുന്ന കേബിളുകളില്‍നിന്ന് പ്രസക്തമായവ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിന് സമാന്തരമായി വിക്കിലീക്‌സ് വെബ്‌സൈറ്റ് വഴി രഹസ്യം പുറത്താക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2008ലെ ഇക്കണോമിസ്റ്റ് മാഗസിന്റെ ന്യൂമീഡിയ അവാര്‍ഡും 2009ലെ ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ യു.കെ. മീഡിയ അവാര്‍ഡും അതിനിടെ വിക്കിലീക്‌സിനെ തേടിയെത്തി. കെനിയയിലെ ജനങ്ങളെ പോലീസ് കൊന്നൊടുക്കുന്നതിനെക്കുറിച്ചുള്ള കെനിയന്‍ ഹുമന്‍ റൈറ്റ്‌സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനാണ് ആംനസ്റ്റി പുരസ്‌കാരം ലഭിച്ചത്.

2010ന്റെ അവസാനത്തോടുകൂടിയാണ് പരമ്പരാഗത മാധ്യമ പങ്കാളികളുമായുള്ള അസാഞ്ജിന്റെ ബന്ധം ഇഴമുറിയുന്നത്. അതൊടൊപ്പം അദ്ദേഹത്തെക്കുറിച്ചുള്ള മോശം കഥകളും പ്രചരിക്കാന്‍ തുടങ്ങി. ഭരണകൂടത്തിന്റെ കൂട്ടായ ആക്രമണങ്ങള്‍ക്ക് അത് യോജിച്ച സമയമായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജോ ബിദന്‍ അസാഞ്ജിനെ, 'പെന്റഗണ്‍ പേപ്പേഴ്‌സി'നേക്കാളും അപകടകാരിയായ 'ഹൈടെക് ടെററിസ്റ്റ്' ആയി ചിത്രീകരിച്ചു (വിയറ്റ്‌നാമിലെ അമേരിക്കയുടെ കൊള്ളരുതായ്മകളെക്കുറിച്ച് 1971-ല്‍ ന്യൂയോര്‍ക്ക് ടൈംസിന് യു.എസ് സൈനികന്‍ ഡാനിയല്‍ എല്‍സ്ബര്‍ഗ് നല്‍കിയതാണ് 'പെന്റഗണ്‍ പേപ്പേഴ്‌സ്'). പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പ്രതികരിച്ചത് ഇങ്ങനെയാണ്: 'നാണക്കേടുണ്ടാക്കുന്നതും കുഴപ്പംപിടിച്ചതും വിദേശനയത്തെ പിടിച്ചുലക്കുന്നതുമാണ് ഈ രേഖകള്‍'.

അഫ്ഗാനിലെ താലിബാന്‍, അല്‍ ഖ്വായ്ദ നേതാക്കളെപ്പോലെ കൊന്നൊടുക്കേണ്ട ഗണത്തിലേയ്ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സാറ പാലിന്‍ അദ്ദേഹത്തെ വകയിരുത്തി. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പീനിയന്‍ ലേഖകരില്‍ പ്രധാനിയായ തോമസ് ഫ്രിഡ്മാന്‍ ഇപ്രകാരമാണ് പറഞ്ഞത്: 'അമേരിക്കന്‍ ഭരണകൂടത്തിന് കീഴില്‍ സമാധാനത്തോടെ കഴിയുന്ന ലോകത്തിന് രണ്ട് പ്രധാന ഭീഷണികളാണുള്ളത്. വിക്കിലീക്‌സും ദ്രുതഗതിയില്‍ വളര്‍ച്ചപ്രാപിച്ചുവരുന്ന ചൈനയും'. അസാഞ്ജിനെ വിചാരണ ചെയ്യണമെന്ന മുറവിളിയാണ് പിന്നീടങ്ങോട്ടുണ്ടായത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മൈക്ക് ഹക്കബി അദ്ദേഹത്തിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായ കുറ്റങ്ങളൊന്നും ആരോപിക്കാനില്ലാതെയാണ് അസാഞ്ജിനെ, ഉസാമ ബിന്‍ ലാദനയെന്നപോലെ വകവരുത്തണമെന്ന് ഹിലരി ക്ലിന്റണ്‍ നിലപാടെടുത്തത്.

വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള സംഘടിത ആക്രമണങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വിക്കിലീക്‌സിന് നേരിടേണ്ടിവന്നത്. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം പട നയിക്കാനാണ് അമേരിക്ക കോപ്പുകളൊരുക്കിയത്. സാങ്കേതിക സൗകര്യങ്ങള്‍ നിഷേധിച്ചു കൊണ്ടായിരുന്നു തുടക്കം. എവരി ഡിഎന്‍എസ്, ആമസോണ്‍, പേപാല്‍, മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാരെ അതിന് കൂട്ടുപിടിച്ചു. അമേരിക്കന്‍ സെനറ്റര്‍ ജോ ലിബര്‍മാന്റെ ഇടപെടലിനെതുടര്‍ന്ന് wikileaks.org എന്ന വെബ് വിലാസം അവര്‍ നെറ്റില്‍നിന്ന് ഒഴിവാക്കി. wikileaks.ch എന്ന വിലാസത്തിലേയ്ക്ക് മാറി പ്രവര്‍ത്തകര്‍ അതിനെ അതിജീവിച്ചു. രാജ്യത്തെ മുക്കിലും മൂലയിലുമുള്ള സര്‍വറുകളില്‍ ഭദ്രമായിരുന്ന വിവരങ്ങള്‍ പല വിലാസത്തിലൂടെ പുറത്തു വന്നപ്പോള്‍ മറ്റൊരു കുരുക്കെറിഞ്ഞു. അമസോണ്‍ അവരുടെ സെര്‍വറുകളില്‍നിന്ന് വെബ്‌സൈറ്റിനെ ഒഴിവാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ഏതുവിധേനയും തകര്‍ക്കുകയെന്ന ലക്ഷ്യമാണ് വിക്കിലീക്‌സിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍കൂടി അടയ്ക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന പേപാല്‍, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവര്‍ പാലംവലിച്ചു. വിക്കിലീക്‌സിന് സംഭാവന ലഭിക്കാനുള്ള സാധ്യത ഇതോടെ അടഞ്ഞു. ഭരണകൂടത്തിന്റെ ശ്രമം താല്‍ക്കാലികമായി വിജയം കണ്ടുവെങ്കിലും, പേപാല്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പണമിടപാട് സ്ഥാപനങ്ങള്‍ ഇഷ്ടത്തിനൊത്ത് ഇടപാടുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് അവയുടെ വിശ്വാസ്യതയെ ബാധിച്ചു.

സേവനദാതാക്കളെ ഒപ്പം നിര്‍ത്തി അഭിപ്രായ സ്വാതന്ത്ര്യത്തെ വിലങ്ങണിയിക്കാന്‍ ഭരണകൂടം നടത്തിയ ശ്രമം പൊതുജനങ്ങളെ കഴുതകളാക്കുന്നതിന് തുല്യമാണെന്ന് രാജ്യാന്തര സമൂഹങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ വിവാദങ്ങള്‍ ആളിക്കത്തിക്കുന്നതോ രാഷ്ട്രത്തിന്റെ രഹസ്യ നിലപാടുകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതോ ആയ, രഹസ്യങ്ങള്‍ കൂട്ടുപിണഞ്ഞു കിടക്കുന്ന രേഖകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിനെ തടയാന്‍ കോര്‍പ്പറേറ്റ് പ്രത്യാക്രമണങ്ങളിലൂടെ ഭരണകൂടം നടത്തിയ നീക്കങ്ങളായാണ് ലോകം ഇതിനെ വീക്ഷിച്ചത്. വെബ്ബില്‍ എന്ത് പ്രസിദ്ധീകരിക്കണമെന്ന് വെബ് വിലാസക്കമ്പനികളും യു.എസ്. ഭരണകൂടവും തീരുമാനിക്കുന്ന സ്ഥിതി.

നവമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ മുളയിലേ നുള്ളാന്‍ ഭരണകൂടം പ്രയോഗിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തിയാണ് ബെന്‍ക്ലര്‍ ഇതിനെ വിലയിരുത്തിയത്.
ജൂലിയന്‍ അസാഞ്ജിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ബെന്‍ക്ലര്‍ പരസ്യമായി രംഗത്തുവന്നു. നേട്ടങ്ങള്‍ക്കുപരി വ്യക്തിപരമായി ഏറെ വിലകൊടുക്കേണ്ടിവരുന്ന സാഹചര്യം നീതിപീഠത്തിനു മുന്നില്‍ അദ്ദേഹം വിശദീകരിച്ചു. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താമാധ്യമമല്ല വിക്കിലീക്‌സ് എന്ന വാദമാണ് അതിനെതിരെ ഭരണകൂടം മുന്നോട്ടു വെച്ചത്. അസാഞ്ജിനെപ്പോലെയുള്ളവര്‍ നടത്തുന്നത് ഇന്‍ഫര്‍മേഷന്‍ ടെററിസമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. അതിനെ ബെന്‍ക്ലര്‍ നേരിട്ടത് ഇങ്ങനെയാണ്: 'നൂറുകണക്കിന് രേഖകള്‍ പരിശോധിച്ചശേഷമാണ് ഗൗരവകരമായ വാര്‍ത്തകള്‍ കണ്ടെത്തി വിക്കിലീക്‌സ് പുറത്തുവിട്ടത്. രഹസ്യരേഖകള്‍ വലിച്ചുവാരി പുറത്തിറക്കുകയായിരുന്നില്ലെന്നതിന് തെളിവാണത്. സൈനികരുടെ അതിക്രമങ്ങള്‍ക്ക് നല്‍കിയ നിശബ്ദ അനുവാദം, ഇറാഖിലെ സാധാരണപൗരന്മാരുടെ മരണനിരക്ക് കുറച്ചുകാണിച്ചത് തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്'.

1971-ലെ പെന്റഗണ്‍ പേപ്പേഴ്‌സ് കേസില്‍ യു.എസ്. സുപ്രീം കോടതി നടത്തിയ പരാമര്‍ശം ബെന്‍ക്ലര്‍ എടുത്തുകാണിച്ചു. 'അന്തര്‍ദ്ദേശിയ നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്നതും പ്രതിരോധ സംവിധാനം കാര്യക്ഷമമായി കൊണ്ടുനടക്കുകയെന്നതും രഹസ്യാത്മകതയിലധിഷ്ഠിതമായ പ്രവര്‍ത്തനമാണ്. എന്നാല്‍ അവബോധമുള്ള ജനപ്രാതിനിധ്യ സര്‍ക്കാരിനെ വിലകൊടുത്തുകൊണ്ടുള്ള ദേശീയ സുരക്ഷ നമ്മുടെ റിപ്പബ്ലിക്കിന് വേണ്ട'. അന്ന് സര്‍ക്കാരിന്റെ വാദങ്ങളെ മുഴുവന്‍ നിരാകരിച്ചുകൊണ്ട് കോടതി വിധിച്ചത് ബെന്‍ക്ലര്‍ നീതിപീഠത്തിന് മുന്നില്‍ വെച്ചു: 'സമ്മര്‍ദ്ദത്തിലടിപ്പെടാത്ത സ്വതന്ത്രമായ പ്രസ്സിന് മാത്രമേ സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ തുറന്നുകാണിക്കാനാകൂ'.

യു.എസ് സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് വിഭാഗത്തിന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിമിതികളില്ലാത്ത അധികാരത്തെക്കുറിച്ചും ബെന്‍ക്ലര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സ്റ്റേറ്റ് രഹസ്യങ്ങളുടെ വിനിയോഗം സുതാര്യമല്ലാത്തതിനാല്‍ നീതിപീഠത്തിന്റെ മേല്‍നോട്ടംപോലും അസാധ്യമാണ്. യു.എസ്. കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതികള്‍പോലും ഇക്കാര്യങ്ങളില്‍ തലയിടാറില്ല. അതേസമയം ഇവര്‍ വിശകലനം ചെയ്യുന്ന രേഖകളില്‍ പലതും ക്ലാസിഫൈഡ് ആയതിനാല്‍ പൊതുജനത്തിന് തലയിടാന്‍ അവകാശങ്ങളുമില്ല. ജനാധിപത്യ സംവിധാനത്തില്‍ പിന്നെ എങ്ങനെയാണ് കൊള്ളരുതായ്മകളുടെ രഹസ്യങ്ങള്‍ ചുരുളഴിയുന്നത്?

ധാര്‍മികത നല്‍കുന്ന അതിശക്തമായ പ്രേരണയാണ് അസാഞ്ജിനെപ്പോലെയുള്ളവരെ രഹസ്യങ്ങളുടെ തലനാരിഴ കീറാന്‍ പ്രേരിപ്പിക്കുന്നത്. അതൊരു കുറ്റമാക്കി വിചാരണ ചെയ്ത്, ഭാവിയില്‍ ഉയര്‍ന്നു വരാനിടയുള്ള 'ധാര്‍മികരോഷക്കാരെ' വിരട്ടാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് ഈ വിചാ
രണ പ്രക്രിയയെന്ന് ബെന്‍ക്ലര്‍ വാദിച്ചു. വധശിക്ഷ വരെ വിധിക്കാവുന്ന രാജ്യദ്രോഹം, ശത്രുസ്‌നേഹം തുടങ്ങിയ കുറ്റങ്ങളാണ് ഇതിനുവേണ്ടി മൂര്‍ച്ച കൂട്ടിയെടുത്തത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് വധശിക്ഷപോലും ലഭിക്കാവുന്ന കുറ്റമാക്കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ബെന്‍ക്ലര്‍ വാദിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തിലും നിര്‍ണായക സ്ഥാനം വഹിക്കുന്നതിലൂടെ നെറ്റ് വര്‍ക്ക് ഫോര്‍ത്ത് എസ്‌റ്റേറ്റുകള്‍ക്ക് അമേരിക്കന്‍ ഭരണസംവിധാനത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന നിലപാട് ഇത്തരം മാധ്യമങ്ങളുടെ അനിവാര്യതയെക്കുറിച്ച് നീതിപീഠത്തെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു.

റൂസ് വെല്‍റ്റ് മുന്നോട്ടുവെച്ച ആശയത്തെ ഒരു നൂറ്റാണ്ടിനു ശേഷം ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത രീതിയാണ് ഇവിടെ കണ്ടത്. അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിഞ്ഞെങ്കിലും ജൂലിയന്‍ അസാഞ്ജ് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ ചിന്തിപ്പിക്കുന്നത് പ്രധാനമായും വിക്കിലീക്‌സ് പോലുള്ള സംവിധാനങ്ങളുടെ പോരായ്മകളെക്കുറിച്ചാണ്. പുതിയ മാതൃകയിലുള്ള 'വാച്ച് ഡോഗ്' സംവിധാനത്തിന്റെ അനിവാര്യതയാണ് ബെന്‍ക്ലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നെറ്റ് വര്‍ക്കിലൂടെ രഹസ്യങ്ങള്‍ കൈമാറുന്നതിന് ആഗോള വ്യാപകമായ സാധ്യതകളാണുള്ളതെന്ന് ബെന്‍ക്ലര്‍ നിരീക്ഷിക്കുന്നു. ഇവിടെ രഹസ്യം കൈമാറുന്ന വിസില്‍ ബ്ലോവറെ കണ്ടെത്തുക എളുപ്പമല്ല. വിക്കിപീഡിയയുടെ പ്രവര്‍ത്തനംപോലെ, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എവിടെനിന്നും ഉപയോഗിക്കാവുന്ന സംവിധാനമാണത്. ഒരേസമയംതന്നെ വിവിധ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഇതുമൂലം കഴിയുന്നു. കോടതിയുടെ ഉത്തരവില്ലാതെ യു.എസിലെ (തദ്ദേശീയരും വിദേശികളുമായ) താമസക്കാരുടെ ഫോണ്‍ സംഭാഷണം, ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവ ചോര്‍ത്താന്‍ ബുഷ് ഭരണകൂടം ദേശീയ സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് (2007), വിവരം ലഭിച്ചിട്ടും ഒരു വര്‍ഷം കഴിഞ്ഞാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പൂഴ്ത്തിവെപ്പ് പുതിയ മാധ്യമ സംവിധാനത്തില്‍ അപ്രസക്തമാകുന്നു.

അതുപോലെത്തന്നെ സാമ്പ്രദായിക മാധ്യമങ്ങള്‍ക്കും നെറ്റ്‌വര്‍ക്ക് അധിഷ്ഠിതമായ ഫോര്‍ത്ത് എസ്‌റ്റേറ്റിനും പരസ്പരം പരിഹരിക്കാന്‍ കഴിയുന്ന ഏറെ പോരായ്മകളുണ്ട്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഈ പോരായ്മകള്‍ മറികടക്കാനാവുമെന്ന് ബെന്‍ക്ലര്‍ നിരീക്ഷിക്കുന്നു. ഉഭയകക്ഷി വിമര്‍ശനങ്ങള്‍ക്കും സ്വയം തിരുത്തലിനും അപാരമായ സാധ്യതകളാണ് നവമാധ്യമങ്ങള്‍ തുറന്നിടുന്നത്. നിലവിലെ സാഹചര്യത്തില്‍ സാമ്പ്രദായിക മാധ്യമങ്ങള്‍ക്കുള്ള പരിമിതിയും അതുതന്നെയാണ്. എന്നാല്‍, ആധികാരികതയുടെ കാര്യത്തില്‍ സാമ്പ്രദായിക മാധ്യമങ്ങളെയാണ് പൊതുജനം കൂടുതല്‍ മുഖവിലയ്‌ക്കെടുക്കുന്നത്. പരസ്പരം കൈകോര്‍ത്തുകൊണ്ടുള്ള ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളാണ് ഇവിടെ പ്രസക്തമാകുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ വാളോങ്ങുന്ന ഭരണകൂട നയങ്ങളെ ചെറുക്കാന്‍ പുതിയ മാധ്യമ മാതൃകകളുടെ അനിവാര്യതയാണ് ബെന്‍ക്ലര്‍ സൂചിപ്പിച്ചത്. പൂര്‍ണമായും സാമ്പ്രദായികമോ നെറ്റ്‌വര്‍ക്ക് അധിഷ്ഠിതമോ അല്ലാത്ത, അതേസമയം ഇവ രണ്ടിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പരസ്പര സഹകരണ മാതൃകയാണ് നെറ്റ്‌വര്‍ക്ക് ഫോര്‍ത്ത് എസ്‌റ്റേറ്റിനെ ചെറുക്കുന്ന ഭരണകൂട ഭീകരതയെ നേരിടാന്‍ ഏറ്റവും ഉചിതം. ദി ഗാര്‍ഡിയന്‍ പറയുന്നതുപോലെ 'സഹകരണത്തിന്റെ പുതിയ മാതൃക' അനിവാര്യമാകുന്നത് ഈ സാഹചര്യത്തിലാണ്.

No comments :