
വിവരവിനിമയം മാത്രമായിരുന്നു ഒരു കാലത്ത് പത്രധര്‍മം. വിവിധ മാധ്യമങ്ങള്‍ വന്നതോടെ അതുമാറി. വിവരവിനിമയം ഇപ്പോള്‍ വിവരവിസ്മയം എന്ന നരേഷന്റെ തേഡ് ഡൈമെന്‍ഷന്‍ ആയിട്ടുണ്ടെന്ന് ലേഖകന്‍ കണ്ടെത്തുന്നു. ദൃശ്യമാധ്യമത്തില്‍ മാത്രം കാണുന്ന ദൃശ്യങ്ങളെ വിവരണത്തിലൂടെ കൂടുതല്‍ വര്‍ണശബണമാക്കാമെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു. ഇതിന് മുമ്പ് വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത പുതുആഖ്യാനരീതിയുടെ സാധ്യതകളും പ്രയോഗരീതികളുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.
BUY ONLINE
1 comment :
ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറായ ശ്രീ അജിത്കുമാര്‍ പുസ്തകത്തെക്കുറിച്ച് ബ്ലോഗിലെഴുതിയ കുറിപ്പ്:
http://bookreview-ajith.blogspot.in/2014/03/varthakathavyavaharam.html
ഡോ.ആന്‍റണി.സി.ഡേവിസ് വിവരണാത്മക പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തില്‍ നടത്തിയ പഠനമാണ് വാര്‍ത്ത,കഥ,വ്യവഹാരം. പത്രവായനയില്‍ നിന്നും അകന്നുപോകുന്നവരെ തിരിച്ചുകൊണ്ടുവരുവാനുള്ള സങ്കേതങ്ങള്‍ അന്വേഷിക്കുകയാണ് ലോകമെങ്ങുമുള്ള പത്രപ്രവര്‍ത്തകരും ഈ രംഗത്തെ ഗവേഷകരും പത്രസ്ഥാപനങ്ങളും. അതിന്‍റെ ഭാഗമായി കഥ പറച്ചിലിന്‍റെ സാധ്യതകളാണ് നവപത്രപ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നത്.
ഗവേഷണോന്മുഖ വാര്‍ത്തകള്‍ പോലും ആഖ്യാന തന്ത്രങ്ങളിലൂടെ വായനക്കാര്‍ക്ക് സ്വീകാര്യമാക്കാനാണ് നവമാധ്യമ ലോകം ശ്രമിക്കുന്നത്. സംഗീതാത്മക ഭാഷയ്ക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍റെ അച്ചടക്കത്തോടെ,നോവലിസ്റ്റിന്‍റെ കാഴ്ചപ്പാടോടെ യഥാര്‍ത്ഥ സംഭവങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് നവപത്രപ്രവര്‍ത്തകന്‍ നടത്തുന്നതെന്ന് പോര്‍ച്ചുഗീസ് മാധ്യമ പ്രവര്‍ത്തകന്‍ പെട്രോ റോസ മെന്‍ഡിസും നോവലോ ചെറുകഥയോ പോലെ വായിക്കാന്‍ കഴിയുന്ന വാര്‍ത്താവതരണ ശൈലിയാണ് വിവരണാത്മക പത്രപ്രവര്‍ത്തനമെന്ന് ടോം വുള്‍ഫും നിരീക്ഷിക്കുന്നതിനെ വികസിപ്പിച്ചാണ് ആന്‍റണി ഗവേഷണം തുടങ്ങുന്നത്.
വാര്‍ത്തയ്ക്ക് പിന്നിലെ വിനോദ മൂല്യത്തിന് പ്രാധാന്യമേറിയതോടെ യാഥാര്‍ത്ഥ്യം,ഭാവന എന്നിവയുടെ അതിര്‍വരമ്പിന് മങ്ങലേറ്റതായി ഉദാഹരണ സഹിതം ലേഖകന്‍ വിവരിക്കുന്നു. വാര്‍ത്ത വിനോദവും വിനോദം വാര്ത്തയുമായി മാറുന്ന അവസ്ഥയുടെ അപകടം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു.
വാര്‍ത്തകള്‍ തലതിരിഞ്ഞ പിരമിഡ് രൂപമാണ് കൈക്കൊണ്ടിട്ടുള്ളത്. തുടക്കത്തില്‍ പ്രധാന വസ്തുതയും ഇടയ്ക്ക് പ്രാധാന്യം കുറഞ്ഞ വസ്തുതകളും ഒടുവില്‍ അപ്രധാന വസ്തുതകളും ഉള്‍ക്കൊള്ളുന്ന പ്രതിലോമ മാതൃക എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ടെലഗ്രാഫിലൂടെ വാര്‍ത്ത എത്തിച്ച കാലത്തിന്‍റെ ഈ രീതിക്ക് മാറ്റം വന്നു കഴിഞ്ഞതായും നറേഷന്‍റെ പ്രസക്തി വര്‍ദ്ധിച്ചതായും എഴുത്തുകാരന്‍ കണ്ടെത്തുന്നു. ചുരുക്ക വിവരണം എന്ന സാമ്പ്രദായിക വാര്‍ത്താഖ്യാന രീതിയില്‍ നിന്നും നാടകീയ അവതരണ രീതിയിലേക്കാണ് വാര്ത്തയുടെ പരിണാമം.ഇത് വാര്ത്തയെ ചലനാത്മകമാക്കുന്നു.
സാധാരമ റിപ്പോര്‍ട്ടിംഗ് വിവരദാനം എന്ന പ്രാഥമിക കര്ത്തവ്യത്തില്‍ ഒതുങ്ങുമ്പോള്‍ ആഖ്യാന പത്രപ്രവര്‍ത്തനം വായനക്കാരെ ആ സംഭവം അനുഭവിപ്പിക്കയാണ് ചെയ്യുന്നത്. ഇതിലൂടെ ഒരു പൊതുബോധം രൂപവത്ക്കരിക്കുന്നതിന് വാര്‍ത്തയ്ക്ക് കഴിയുന്നു എന്ന് ഗവേഷകന്‍ വിലയിരുത്തുന്നു.
ഗൌരവമേറിയ വാര്ത്തയും മൃദുവാര്ത്തയുമെന്ന് വാര്‍ത്തയെ രണ്ടുതരമാക്കി തിരിച്ച് അവയുടെ രീതികള്‍ വിശകലനം ചെയ്യുന്നുണ്ട് ഗ്രന്ഥത്തില്‍.
കാഴ്ചകള്‍ക്കു പകരമായി വാക്കുകള്‍ ഉപയോഗിക്കേണ്ട പുത്തന്‍ വെല്ലുവിളിയെ നവമാധ്യമകാരന്‍ അതിജീവിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണ സഹിതം പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രതീക്ഷകളും ദുഖങ്ങളും സന്തോഷവും പ്രതിഫലിപ്പിക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ കോറിയിടാന്‍ വാക്കുകള്‍ക്ക് കഴിയണം. അല്ലെങ്കില് വായനക്കാരന്‍റെ കണ്ണുകള്‍ മറ്റൊരു വാര്‌ത്തയിലേക്ക് ഓടിനീങ്ങുമെന്ന സത്യം നവമാധ്യമകാരന് തിരിച്ചറിയേണ്ടതുണ്ട്. ഇന്‍റര്‍ നെറ്റിന്‍റെയും ദൃശ്യമാധ്യമത്തിന്‍റെയും പുതിയ ലോകത്തും സംഭവത്തിന്‍റെ യഥാര്‍ത്ഥഭാവം വായനാനുഭവത്തിലൂടെ മാത്രമെ ലഭിക്കൂ എന്ന വിന്‍ബേണിന്‍റെ വിലയിരുത്തലാണ് അച്ചടി മാധ്യമത്തിന്‍റെ ഭാവിയെ ദീപ്തമാക്കുന്നത്. നേരിട്ട് കാണുന്ന കായിക മത്സരങ്ങള്‍ പോലും അടുത്ത ദിവസം പത്രവാര്‍ത്തയായി വരുമ്പോള്‍ കാഴ്ച കണ്ട വ്യക്തിപോലും അതൊന്നു വായിക്കുന്നത് ഈ മായാജാലം മൂലമാണ്.കാഴ്ചകള്‍ക്കപ്പുറത്തെ ചില ഭാവങ്ങള്‍ പത്രപ്രവര്‍ത്തകന്‍ അവനു മുന്നില്‍ വയ്ക്കുന്നുണ്ടാവും.
ഈ വിധം വിവരണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ നാനാമേഖലകള്‍ വിശകലനം ചെയ്യുന്ന പുസ്തകമാണ് വാര്‍ത്ത,കഥ,വ്യവഹാരം. ജേര്‍ണലിസം വിദ്യര്1ത്ഥികള്‍ക്ക് പാഠപുസ്തകമായി നിശ്ചയിക്കേണ്ട ഗവേഷണ ഗ്രന്ഥം എന്നു പറയാം. അക്കാദമിക് ഗവേഷണത്തിന്‍റെ ഫലമായി പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ മലയാള കൃതിയാണിതെന്ന് എന്‍.പി.രാജേന്ദ്രന്‍ പ്രസാധകക്കുറിപ്പില്‍ പറയുന്നു. ഇത്തരം പ്രസിദ്ധീകരണത്തില്‍ അക്കാദമി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.
നവപത്രപ്രവര്‍ത്തനത്തിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് പുലിറ്റ്സര്‍ സമ്മാന ജേതാവ് ബാരി ബെരാക് എഴുതിയ ജീവിക്കുന്ന ദുസ്വപ്നം എന്ന ഫീച്ചറും അനക്സറായി ചേര്‍ത്തിട്ടുണ്ട്. ഏറ്റവും ഞെട്ടലുളവാക്കുന്ന ഒരു ഫീച്ചര്‍ എന്നേ അതിനെ പറയാന്‍ കഴിയൂ.
http://bookreview-ajith.blogspot.in/2014/03/varthakathavyavaharam.html
Post a Comment